Monday, March 12, 2007

പ്രിയപ്പെട്ട ഏട്ടന് അനുജത്തി എഴുതുന്നത്

ശ്രീ
20.02.97

പ്രിയപ്പെട്ട ഏട്ടന് അനുജത്തി എഴുതുന്നത്,
എനിക്ക് ഒന്നും എഴുതാന്‍ അറിയില്ല.എനിക്ക് ഏട്ടന്റെ കഥകളും കവിതകളും വളരെയേറെ ഇഷ്ടപ്പെട്ടു.ഏട്ടനെ എനിക്ക് നന്നായി മനസ്സിലാക്കാം.എന്താണ് ഏട്ടന്റെ പ്രശ്നം?.എന്നോട് പറയൂ. എനിക്ക് ഏട്ടനോട് ഒരു ദേഷ്യവുമില്ല.ഞാന്‍ ഏട്ടനെ ദൈവത്തെപ്പോലെ സ്നേഹിക്കുന്നു.ഞാന്‍ എപ്പോഴും വിചാരിക്കും.എന്റെ ഏട്ടനായിരുന്നുവെങ്കിലെന്ന്.
എനിക്ക് ആകെ മൂന്നു ഏട്ടന്മാരണുള്ളത്.ചേച്ചിയില്ല.ഏട്ടന്റെ കഥ വായിച്ചപ്പോഴാണ് മനസ്സിന് ആശ്വാസം തോന്നിയത്.എം.ടിയെ ഇഷ്ടമാണല്ലേ,എനിക്കും ഇഷ്ടമാണ്.ഞാനും കഥയും കവിതയുമൊക്കെ എഴുതാറുണ്ട്.ഇപ്പോള്‍ പരീക്ഷയല്ലേ , എഴുതുന്നില്ല.കഴിഞ്ഞ പ്രാവശ്യം സാവിത്രി ടീച്ചര്‍ എന്റെ കഥ ഒരു മാസികയില്‍ എടുത്തിരുന്നു.ഏട്ടന് വായിക്കണമെങ്കില്‍ ആ ഡയറി കാണുന്നില്ല.തിരഞ്ഞു നോക്കി തരാം.
എനിക്ക് ഒരാഗ്രഹമുണ്ട് , നന്നായി പഠിക്കണം.ഏട്ടന് എന്താവാനാണ് ഇഷ്ടം?.എനിക്ക് ടീച്ചറാകണം.ഏട്ടന്‍ എന്തിനാണ് ഇത്ര വില കൂടിയ മിഠായി വാങ്ങിത്തന്നത്, ര്ണ്ടു കോഫീ ബൈറ്റാണെൻകിലും എനിക്ക് തൃപ്തി ആയേനെ..ഏട്ടന്‍ മറന്നാലും ഒരിക്കലും ഈ അനുജത്തി മറക്കില്ല.ഒരു വിഷമം മാത്രം.ഏട്ടന്‍ പോവ്വാണല്ലേ.എനിക്ക് കരയാന്‍ കണ്ണീരില്ല.ആകെ ഒരു വിമ്മിട്ടം പോലെ. നിങ്ങളെല്ലാവരും പോകുകയല്ലേ എന്ന് ഓര്‍ത്തിട്ട് , അടുത്ത വര്‍ഷം ഒരു സുഖവുമുണ്ടാവില്ല.

ഏട്ടന് കാമുകി ഉണ്ടായിരുന്നു അല്ലേ? ആ കുട്ടി എന്താണ് പിണങ്ങാന്‍ കാരണം?.ഞാന്‍ ഇതൊക്കെ ചുമ്മാ ചോദിച്ചതാണേ.
ഏട്ടന്‍ ചിത്രം വരക്കുമോ?.ഞാന്‍ ലേശമൊക്കെ വരക്കും.എനിക്ക് പാട്ടുകള്‍ വലിയ ഇഷ്ടമാണ്.ഞാനാണ് ഇപ്പോള്‍ ക്ലാസിലെ പാട്ടുകാരി.ഏട്ടന്‍ ഈ കത്ത് ആര്‍ക്കും കാണിച്ചു കൊടുക്കരുത്.ഞാന്‍ എന്റെ അമ്മയോട് ഏട്ടനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.നല്ല എഴുത്തുകാരനാണ്,പഠിക്കുന്ന കുട്ടിയാണ് എന്നൊക്കെ(കുഴപ്പമില്ലല്ലോ)
ഏട്ടന്‍ മാതൃഭൂമിയിലെ സി.രാധാകൃഷ്ണന്റെ നോവൽ വായിക്കാറുണ്ടോ?. ഇനിയൊരു നിറകണ്‍ ചിരി.നല്ല കഥയാണ്.
ഞാന്‍ എഴുതിയ ഒരു കവിതയിലെ നാലു വരി എഴുതട്ടെ, നല്ലതാണെങ്കില്‍ പറയുമല്ലോ?.
എവിടെ മാനുഷരൊന്നു പോല്‍ വാഴുന്നു.
അവിടെ നിന്‍ വാക്ക് കാവലായ് നില്‍ക്കുന്നു.
ഹിമമൂതിടും പകലുകള്‍ സൂര്യനെ തിരയവേ
നീ ഉണര്‍ത്തു പാട്ടാവുന്നു.
(തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുമല്ലോ)
എന്ന്
ഏട്ടന്റെ സ്വന്തം അനുജത്തി

എനിക്ക് മരണത്തെ പേടിയാണ്, ഏട്ടനോ?

1 comment:

മെഹബൂബ് said...

ഞാന്‍ എഴുതിയ ഒരു കവിതയിലെ നാലു വരി എഴുതട്ടെ, നല്ലതാണെങ്കില്‍ പറയുമല്ലോ?.
എവിടെ മാനുഷരൊന്നു പോല്‍ വാഴുന്നു.
അവിടെ നിന്‍ വാക്ക് കാവലായ് നില്‍ക്കുന്നു.
ഹിമമൂതിടും പകലുകള്‍ സൂര്യനെ തിരയവേ
നീ ഉണര്‍ത്തു പാട്ടാവുന്നു.
(തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുമല്ലോ)
എന്ന്
ഏട്ടന്റെ സ്വന്തം അനുജത്തി