Saturday, March 17, 2007

രണ്ടു പെണ്‍കുട്ടികള്‍


അയല്‍ക്കാരിയായ ഒരു ചേച്ചിയെ ഞാന്‍ ജീവനു തുല്യം സ്നേഹിച്ചു തുടങ്ങുന്നത് എന്റെ പതതാം ക്ലാസ് പഠന ശേഷമാണ്. പ്രീ ഡിഗ്രിക്ക് ചേര്‍ന്ന സമയം.കാറ്റാടി മരങ്ങളുള്ള, സ്വപ്ന തുല്യമായ ക്യാമ്പസ് ആയിട്ടും , അപകര്‍ഷതയുടെ തണുപ്പിനാല്‍ അടഞ്ഞു പോയ എന്റെ മനസ്സിന്റെ വാതിലുകള്‍ക്കകത്തെയ്ക്ക് ആഹ്ലാദങ്ങള്‍ കടന്നു വന്നില്ല. തിരിച്ച് നാട്ടിലെത്താന്‍ പ്രാര്‍ത്ഥിക്കുന്ന മനസ്സായിരുന്നു എപ്പോഴും.കുറ്റിപ്പുറം റെയില്‍ വേ സ്റ്റേഷനടുത്തെത്താറായാല്‍ ഞാന്‍ അനുഭവിച്ചിരുന്ന സന്തോഷം വിവരിക്കാനാവില്ല. മഴ പോലെത്തന്നെ പെയ്തു പരന്നു കിടക്കുന്ന സ്വപ്ന വെയിലും എനിക്ക് പ്രിയപ്പെട്ടതായിരുന്നു.പോക്കു വെയിലിന്റെ കലാചരുതയിലാണ് ഞാന്‍ വന്നിറങ്ങുക.
എന്റെ ചേച്ചിയെക്കുറിച്ചു പറയും മുമ്പ് രണ്ടു പെണ്‍കുട്ടികളെക്കുറിചചു കൂടി പറയാം.കൌമാരത്തിന്റെ രസങ്ങള്‍ക്കിടയില്‍ രണ്ടു പെണ്‍കുട്ടികള്‍.എനിക്കു പോലും അജ്ഞാതമായ രതി രഹസ്യങ്ങളെ ക്കുറിചുചു അവര്‍ പറഞ്ഞത് ഞാന്‍ മറന്നിട്ടില്ല.ആടു നോക്കാന്‍ പോയിരുന്ന സായാഹ്നങ്ങളിലായിരുന്നു അത്.അവളില്‍ ഒരുവളെ കൌതുകത്തിന് പ്രേമിക്കാമെന്നു വെച്ച് ഞാന്‍ കത്തെഴുതുകയുണ്ടായി. മറുപടി രസകരമായിരുന്നു. എന്നെ സ്നേഹിക്കുന്ന പോലെ അവളേയും സ്നേഹിക്കണമെന്ന് കൂട്ടുകാരിക്ക് വേണ്ടി കൂടി ശുപാര്‍ശ. ഇതേ പോലെ മറ്റവളും എഴുതി. പെണ്‍കുട്ടികള്‍ സ്വാര്‍ത്ഥകളാണെന്ന ധാരണ തല്‍ക്കാലം തിരുത്തപ്പെട്ട ഒരു അനുഭവമായിരുന്നു അത്. ഒരാളുടെ പ്രണയം രണ്ടു പെണ്‍ മനസ്സുകള്‍ പങ്കുവെയ്ക്കാന്‍ തയ്യാറാകുക. ഒടുവില്‍ മനസ്സിലായി. എന്നില്‍ നിന്നു കിട്ടുന്ന സമ്മാനങ്ങളായിരുന്നു അവരുടെ പ്രതീക്ഷ. ചൂഷണം ചെയ്യാന്‍ കഴിയുമയിരുന്ന ബന്ധമായിരുന്നുവെങ്കിലും ഉള്ളിലെ ധാര്‍മിക മനുഷ്യന്‍ സമ്മതിച്ചില്ല.

Friday, March 16, 2007

ഉള്ളില്‍ തീയുള്ള കുട്ടി

ജാസ്മിന് ഒരു ലൈന്‍ ഉണ്ടായിരുന്നു.അസ്കര്‍ എന്നു പേര്.അവനെ കാണാനും സംസാരിക്കാനും അവള്‍ ആവശ്യപ്പെട്ടിട്ടും ഞാന്‍ അവനെ കാണുകയുണ്ടായില്ല.ഞങ്ങളുടെ അടുപ്പത്തിന് ആ പ്രണയം തടസ്സമായിരുന്നില്ലെന്നണ് നേര്. ആ ലൈന്‍ പതിവ് സ്കൂള്‍ പ്രണയങ്ങള്‍ പോലെ നഷ്ടപ്പെട്ടിട്ടുണ്ടാകണം.
വീടിനപ്പുറം ലോകം കണ്ടിട്ടില്ലാത്ത ഞാന്‍ പ്രീ ഡിഗ്രിക്ക് കണ്ണൂരില്‍ പോയി.നാടു വിട്ട് നില്‍ക്കണമെന്ന ആഗ്രഹവും മുഖ്യമായിരുന്നു.തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജില്‍.ഒരു ഇസ്ലാമിക് ഹോസ്റ്റലിലായിരുന്നു താമസം.
യാഥാസ്ഥിതിക മത വിശ്വാസം അന്ധമാക്കിയ ഒരു കൂട്ടം മനസ്സുകള്‍.എവിടെയും സംശയ ദൃഷ്ടി.വഴി തെറ്റിപ്പോകുമോ എന്ന് സൂക്ഷ്മ നിരീക്ഷണം.
എനിക്ക് വരുന്ന ലത്തുകള്‍ പൊട്ടിച്ച് വായിക്കപ്പെട്ട ശേഷമേ കിട്ടൂ എന്നായി.ജാസ്മിന്റെ കത്തുകള്‍ തെറ്റിദ്ധരിക്കപ്പെട്ടു.സഹമുറിയന്മാര്‍ക്കിടയില്‍ പാട്ടായി.കൂടുതല്‍ അറിയാന്‍ അവര്‍ എന്റെ ഡയറിയും കട്ടു വായിച്ചു.
ഞാന്‍ വല്ലാതെ വിഷമിച്ചു.വീട്ടില്‍ നിന്നു വിട്ടു നില്‍ക്കുന്ന അസ്വസ്ഥതയ്ക്കു മേലായിരുന്നു ഇത്തരത്തിലൊരു മാനസിക പീഡനവും.
അതേ സമയം തന്നെയാണ് എന്റെ ഒരു കത്ത് ജാസ്മിന്റെ വീട്ടുകാര്‍ വായിച്ച് കോലാഹലമുണ്ടാകുന്നത്.അവരും തെറ്റിദ്ധരിച്ചു.തപാല്‍ വഴി എഴുത്ത് നിലച്ചു.
പിന്നെ നാട്ടില്‍ വരുമ്പോള്‍ എന്റെ അയല്‍ വാസിയായ അവളുടെ അയല്‍ ക്ലാസുകാരിയുടെ കയ്യില്‍ കൊടുത്തു വിടുകയായി. ഒടുവില്‍ അതും നിലച്ചു.
അതിനിടെ തൂലികാ സൌഹൃദങ്ങള്‍ ഏറെ സ്വന്തമായി.അവളെ വല്ലപ്പോഴും കാണും.അവള്‍എ ഴുത്ത് നിര്‍ത്തിയെന്ന് പറഞ്ഞപ്പോള്‍ സംകടം തോന്നി. നന്നായി എഴുതുമായിരുന്നു അവള്‍. ഉള്ളില്‍ തീയുള്ള കുട്ടി.
വിവാഹിതയായ ശേഷം അവളെ വീണ്ടും കണ്ടു.സുന്ദരനും പണക്കാരനുമായ ഭര്‍ത്താവ്.ഞാന്‍ സ്വപ്നപ്പെട്ട് നടന്നു പോകുമ്പോഴാണ് എനിക്കടുത്തായി അവരുടെ കാര്‍ നിര്‍ത്തിയത്.
അവള്‍ പരിചയപ്പെടുത്തി.ഞാന്‍ പറയാറില്ലേ എന്ന്. അയാള്‍ ഹസ്തദാനം ചെയ്തു.എന്റെ കൂട്ടുകാരിയോട് വാത്സല്യവും സ്നേഹവും കൊണ്ട് ഉള്ള് നിറഞ്ഞു.എന്താണ് അവള്‍പറഞ്ഞിട്ടുണ്ടാകുക?!.
ഹിന്ദുസ്ഥാനി രാഗത്തിന്റെ തിരയടിയാണ് അവളെക്കുറിച്ച് എന്റെ മനസ്സില്‍.ഏതോ മനോഹരമായ
കഥയിലെ ഒരിക്കലും മറക്കാനാകാത്ത ഒരു കഥാപാത്രത്തോടുളള ഇഷ്ടം.

Monday, March 12, 2007

ഏട്ടന്റെ മുഖത്ത് വഞ്ചനയുടെ നിഴല്‍പ്പാട് പോലുമില്ല.

എത്രയും സ്നേഹം നിറഞ്ഞ ഏട്ടന് അനുജത്തിയുടെ കത്ത്.
ഏട്ടന്റെ കത്തു വായിച്ചു.വിവരങ്ങള്‍ അറിഞ്ഞതില്‍ സന്തോഷം.
ഏട്ടാ ഞാനീ ഭൂലോകത്ത് സ്നേഹിക്കുന്നത് കഥകളേയും കവിതകളേയും ചേച്ചിയേയും എന്റെ ഈ ചേട്ടനേയും ഏട്ടനേയും അസ്കറിനേയും മാത്രമാണ്.അസ്കറ് പാവമാണ്.ഏട്ടന് എഴുതുന്നത് അസ്കര്‍ അറിയരുത്.അവനോട് ഏട്ടന്‍ അവന്റെ ഭാവി പരിപാടികളെക്കുറിച്ചു ചോദിക്കണം. പെങ്ങള്‍ക്കു വേണ്ടിയല്ലേ?.ഞാന്‍ ചോദിക്കാന്‍ പറഞ്ഞുവെന്നു പറയരുത്.ഏട്ടന്റെ മുഖത്ത് വഞ്ചനയുടെ നിഴല്‍പ്പാട് പോലുമില്ല.
ഏട്ടനു നല്ലതു വരട്ടെ എന്നാശംസിച്ചു കൊണ്ട്
നിര്‍ത്തുന്നു
സ്വന്തം അനുജത്തി

ഓര്‍മ വെച്ച കാലം

ഓര്‍മ വെച്ച കാലം മുതല്‍ക്കേ ഒരു കൂട്ടുകാരിയുടെ സ്നേഹം ഞാന്‍ കൊതിച്ചിട്ടിട്ടുണ്ട്.കൂടെപ്പിറപ്പു പോലുമില്ലാതെ ഏകന്തതയില്‍ ഒറ്റപ്പെട്ടു പോയതായിരുന്നു ബാല്യം. ഒരു പെങ്ങളെയായിരുന്നു എനിക്ക് വേണ്ടിയിരുന്നത്.
പെണ്‍കുട്ടികളോട് സംസാരിക്കാന്‍ എനിക്ക് പേടിയായിരുന്നു.അവരെ കാണുമ്പോള്‍ എന്റെ ശരീരം വിറക്കുമായിരുന്നു. തൊണ്ട വരളും.മുഖം വിറളി വിരൂപമാകും.വാക്കുകള്‍ പോലും മറന്നു പോകും.
എഴുത്തില്‍ ആ പ്രശ്നമുണ്ടായിരുന്നില്ല.പത്താം തരത്തില്‍ പഠിക്കുമ്പോള്‍ ഒമ്പതിലെ ജാസ്മിനോട് എന്തോ വല്ലാത്ത ഇഷ്ടം തോന്നി.‘ലൈന്‍’എന്നൊക്കെ പറയുന്ന ഒരിഷ്ടത്തിന്റെ വണ്‍വേ വേറെ ഉണ്ടായിരുന്നപ്പോള്‍ ആണത്.
ഒരു എഴ്ത്തിലൂടെയാണ് അവള്‍ എന്നെ സ്വീകരിക്കുന്നത്.ഏട്ടനും അനിയത്തിയുമായി- ആദ്യ പ്രണയത്തിന്റെ തീവ്രതയോളം അഗാധമെന്ന് അനുഭവിച്ച ബന്ധം.ഇണക്കങ്ങള്‍,പിണക്കങ്ങള്‍.
മറുപടിക്കു വേണ്ടിയുള്ള കാത്തിരുപ്പ് അസഹ്യമായിരുന്നു. വിരഹത്തിന്റെ വേദന.പരിഗണനയുടെ പ്രതീക്ഷ.

ജാസ്മിന്‍ എന്നത് അവളുടെ യഥാര്‍ഥ പേരല്ല.ഞാന്‍ അവളെ വിളിച്ചിരുന്നത് അങ്ങനെയായിരുന്നു. അവളുടെ ചില കത്തുകള്‍ ഞാന്‍ ബ്ലോഗില്‍ ഇടുകയാണ്.അതെത്ര മാത്രം നിങ്ങളെ ആകര്‍ഷിക്കുമെന്ന് അറിയില്ലെങ്കിലും.

ജാസ്മിന്റെ കത്തുകള്‍ക്കു ശേഷം എന്റെ ആദ്യ തൂലികാ സുഹൃത്തിന്റെ വിചാരങ്ങള്‍ പോസ്റ്റ് ചെയ്യാം. പിന്നെയും കുറച്ചധികം പേരുണ്ട്.വഴിയേ…………………

പ്രിയപ്പെട്ട ഏട്ടന് അനുജത്തി എഴുതുന്നത്

ശ്രീ
20.02.97

പ്രിയപ്പെട്ട ഏട്ടന് അനുജത്തി എഴുതുന്നത്,
എനിക്ക് ഒന്നും എഴുതാന്‍ അറിയില്ല.എനിക്ക് ഏട്ടന്റെ കഥകളും കവിതകളും വളരെയേറെ ഇഷ്ടപ്പെട്ടു.ഏട്ടനെ എനിക്ക് നന്നായി മനസ്സിലാക്കാം.എന്താണ് ഏട്ടന്റെ പ്രശ്നം?.എന്നോട് പറയൂ. എനിക്ക് ഏട്ടനോട് ഒരു ദേഷ്യവുമില്ല.ഞാന്‍ ഏട്ടനെ ദൈവത്തെപ്പോലെ സ്നേഹിക്കുന്നു.ഞാന്‍ എപ്പോഴും വിചാരിക്കും.എന്റെ ഏട്ടനായിരുന്നുവെങ്കിലെന്ന്.
എനിക്ക് ആകെ മൂന്നു ഏട്ടന്മാരണുള്ളത്.ചേച്ചിയില്ല.ഏട്ടന്റെ കഥ വായിച്ചപ്പോഴാണ് മനസ്സിന് ആശ്വാസം തോന്നിയത്.എം.ടിയെ ഇഷ്ടമാണല്ലേ,എനിക്കും ഇഷ്ടമാണ്.ഞാനും കഥയും കവിതയുമൊക്കെ എഴുതാറുണ്ട്.ഇപ്പോള്‍ പരീക്ഷയല്ലേ , എഴുതുന്നില്ല.കഴിഞ്ഞ പ്രാവശ്യം സാവിത്രി ടീച്ചര്‍ എന്റെ കഥ ഒരു മാസികയില്‍ എടുത്തിരുന്നു.ഏട്ടന് വായിക്കണമെങ്കില്‍ ആ ഡയറി കാണുന്നില്ല.തിരഞ്ഞു നോക്കി തരാം.
എനിക്ക് ഒരാഗ്രഹമുണ്ട് , നന്നായി പഠിക്കണം.ഏട്ടന് എന്താവാനാണ് ഇഷ്ടം?.എനിക്ക് ടീച്ചറാകണം.ഏട്ടന്‍ എന്തിനാണ് ഇത്ര വില കൂടിയ മിഠായി വാങ്ങിത്തന്നത്, ര്ണ്ടു കോഫീ ബൈറ്റാണെൻകിലും എനിക്ക് തൃപ്തി ആയേനെ..ഏട്ടന്‍ മറന്നാലും ഒരിക്കലും ഈ അനുജത്തി മറക്കില്ല.ഒരു വിഷമം മാത്രം.ഏട്ടന്‍ പോവ്വാണല്ലേ.എനിക്ക് കരയാന്‍ കണ്ണീരില്ല.ആകെ ഒരു വിമ്മിട്ടം പോലെ. നിങ്ങളെല്ലാവരും പോകുകയല്ലേ എന്ന് ഓര്‍ത്തിട്ട് , അടുത്ത വര്‍ഷം ഒരു സുഖവുമുണ്ടാവില്ല.

ഏട്ടന് കാമുകി ഉണ്ടായിരുന്നു അല്ലേ? ആ കുട്ടി എന്താണ് പിണങ്ങാന്‍ കാരണം?.ഞാന്‍ ഇതൊക്കെ ചുമ്മാ ചോദിച്ചതാണേ.
ഏട്ടന്‍ ചിത്രം വരക്കുമോ?.ഞാന്‍ ലേശമൊക്കെ വരക്കും.എനിക്ക് പാട്ടുകള്‍ വലിയ ഇഷ്ടമാണ്.ഞാനാണ് ഇപ്പോള്‍ ക്ലാസിലെ പാട്ടുകാരി.ഏട്ടന്‍ ഈ കത്ത് ആര്‍ക്കും കാണിച്ചു കൊടുക്കരുത്.ഞാന്‍ എന്റെ അമ്മയോട് ഏട്ടനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.നല്ല എഴുത്തുകാരനാണ്,പഠിക്കുന്ന കുട്ടിയാണ് എന്നൊക്കെ(കുഴപ്പമില്ലല്ലോ)
ഏട്ടന്‍ മാതൃഭൂമിയിലെ സി.രാധാകൃഷ്ണന്റെ നോവൽ വായിക്കാറുണ്ടോ?. ഇനിയൊരു നിറകണ്‍ ചിരി.നല്ല കഥയാണ്.
ഞാന്‍ എഴുതിയ ഒരു കവിതയിലെ നാലു വരി എഴുതട്ടെ, നല്ലതാണെങ്കില്‍ പറയുമല്ലോ?.
എവിടെ മാനുഷരൊന്നു പോല്‍ വാഴുന്നു.
അവിടെ നിന്‍ വാക്ക് കാവലായ് നില്‍ക്കുന്നു.
ഹിമമൂതിടും പകലുകള്‍ സൂര്യനെ തിരയവേ
നീ ഉണര്‍ത്തു പാട്ടാവുന്നു.
(തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുമല്ലോ)
എന്ന്
ഏട്ടന്റെ സ്വന്തം അനുജത്തി

എനിക്ക് മരണത്തെ പേടിയാണ്, ഏട്ടനോ?

Sunday, March 11, 2007

കത്തു പെട്ടി തുറന്നപ്പോള്‍ എഴുത്തു കിട്ടി.പൊട്ടിപ്പോയീ എന്‍ ഹൃദയം പൂത്തു പോയീ.....

നിത്യവും കാണുമെങ്കിലും
ഒന്നും പറയാന്‍ കഴിയാറില്ല,
ഉള്ളു നിറയെ ഒത്തിരിയുണ്ട് താനും.

അങ്ങനെ,
നേരിട്ടു പറയാനാകാത്തത് എഴുതിത്തുടങ്ങി.

പിന്നെ പറയുന്നതിനപ്പുറം പറയാനും എഴുത്തായി.

ചമ്മലും ക്ലീഷേ സെന്റിമെന്റ്സും
കാല്‍പ്പനികത ചാലിച്ചപ്പോള്‍
ഹൃദയവും ഹൃദയവും തമ്മിലുള്ള മന്ത്രണമായി.

കത്തുകള്‍ക്ക് പകരം മറുപടിക്കത്തുകള്‍.

ഒരിക്കല്‍ മാത്രം കണ്ടവരും ഓരിക്കലും കാണാത്തവരും എഴുതി.

കത്തുകള്‍ക്കു വേണ്ടി ദാഹിച്ചു കാത്തിരുന്നു.

നഷ്ട പ്രണയങ്ങളുടെ ഓര്‍മ്മയ്ക്ക് ഒരു ചുംബനച്ചൂട് ബാക്കിയില്ലെങ്കിലും
എനിക്കു വേണ്ടി മാത്രമെഴുതപ്പെട്ട കത്ത് നിധിയായി.

തൂലികാ പ്രണയത്തിന്റെ ആഴത്തിലെത്തി
ജീവിതത്തെ മറന്ന് വെട്ടിലായിട്ടുണ്ട്.

അവിടെ കൂട്ടിച്ചേര്‍ക്കാനാവാതെ വിട്ടു പോയ കുത്തുകളും കോമകളും.
കുറ്റബോധത്തോടെയെങ്കിലും രക്ഷപ്പെട്ടു പോന്നു.

പൂര്‍ണ്ണനായ ഒരു കാമുകനാവാന്‍ എനിക്ക് ഭഗ്യമുണ്ടായിട്ടില്ല.
പക്ഷെ എന്നിലേക്കു വന്നതെല്ലാം പ്രണയമായി ഞാന്‍ ഓര്‍ത്തുവെച്ചു.

ഇത് എന്റെ സമ്പാദ്യം.
ബാലിശമാകാമെങ്കിലും ഞാന്‍ അവ പ്രകാശിപ്പിക്കുകയാണ്.

എഴുതിയവരുടെ സമ്മതം ചോദിക്കത്തതു കൊണ്ട്,
അവരുടെ തിരിച്ചറിയല്‍ അടയാളങ്ങള്‍ ‍തിരുത്തുന്നുണ്ട്.

ജിബ്രാന്റെ കത്തുകള്‍; അവയെ കവിതകളെന്നോ ധ്യാന മന്ത്രങ്ങളെന്നോ വിളിക്കാം.

എന്നെ ഏറ്റവും ആകര്‍ഷിച്ച പ്രണയ പുസ്തകം
ബഷീറിന്റെ ,അനുരാഗത്തിന്റെ ദിനങ്ങളാണ്.
ബഷീര്‍ ദേവിക്കെഴുതുന്ന കത്തുകള്‍.

ദേവി ബഷീറിനെഴുതുന്ന കത്തുകള്‍.
കൊതിച്ചു പോകും.
എനിക്കു കിട്ടിയ കത്തുകള്‍ ,..........
ഏതൊക്കെയോ ദേവിമാര്‍,‍
മാലാഖമാര്‍.....